സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്നുച്ചയോടെ പൂര്‍ത്തിയാകും. ഉച്ചയ്ക്ക് ശേഷം പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ടാണ് സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ ആരംഭിക്കുക.
വിശാഖപട്ടണം, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് സമാനമായി കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് സിപിഐഎം കേരള- ബംഗാള്‍ ഘടകങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കണ്ണൂരിലും തുടരുകയാണ്. കേരളത്തില്‍ നിന്ന് ആദ്യദിനം ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച പി രാജീവ്, ടിഎന്‍ സീമ എന്നീ രണ്ട് നേതാക്കളും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്താണ് സംസാരിച്ചത്. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ബിജെപിക്കെതിരെ ഒരു ദേശീയ ബദല്‍ സാധ്യമല്ല. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെയും കേരള ഘടകം നിശിതമായി വിമര്‍ശിച്ചു.
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് കേരളാ ഘടകം വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം സാധ്യമല്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.
എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയവും കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് കൃത്യമായ നിര്‍വചനം വേണമെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കി. ദുല്ബലമാണെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് അവഗണിക്കരുതെന്നതും ബംഗാള്‍ ഘടകം ഓര്‍മിപ്പിച്ചു.