പെരിങ്ങത്തൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ച പാര്‍ട്ടി ഓഫീസുകള്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനും സന്ദര്‍ശിച്ചു. രാവിലെ എട്ടുമണിയോടെയാണ് നേതാക്കള്‍ സ്ഥലത്തെത്തിയത്. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നാണ് പാര്‍ട്ടി അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സംബന്ധിച്ച് സിപിഐഎം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് എംവി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിത കലാപത്തിനാണ് ലീഗിന്റെ അക്രമികള്‍ ശ്രമിച്ചത്. എട്ടു ഓഫീസുകള്‍, കടകള്‍, വായനശാലകള്‍, സ്റ്റുഡിയോ, വീടുകള്‍ ഇതെല്ലാം തകര്‍ത്തതില്‍ നിന്ന് വ്യക്തമാകുന്നത്. കലക്ടര്‍ വിളിച്ച സമാധാനയോഗവുമായി സിപിഐഎം സഹകരിക്കുമെന്നും കുറ്റക്കാരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും എംവി ജയരാജന് ആവശ്യപ്പെട്ടു.
അതേസമയം, സിപിഐഎം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ 21 മുസ്ലീംലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സമാധാന യോഗം ചേരും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് യോഗം. രാവിലെ 11ന് ജില്ലാ കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് സിപിഐഎം ഓഫീസുകള്‍ക്ക് നേരെ അക്രമങ്ങളുണ്ടായത്. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനും കീഴ്മാടം, കൊച്ചിയങ്ങാടി, പാനൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കും ലീഗുകാര്‍ തീവച്ചു. പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും അക്രമമുണ്ടായി. പാനൂരില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കണ്ണൂരില്‍നിന്ന് കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.
ബോംബേറില്‍ കാല്‍മുട്ടിലേറ്റ ഗുരുതര പരുക്കാണ് മന്‍സൂറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.