യുക്രെയ്ന് രക്ഷാദൗത്യം ഓപറേഷന് ഗംഗ അന്തിമ ഘട്ടത്തിലേക്ക്. ഇതുവരെ 83 വിമാനങ്ങളിലായി 17,400 പേരെ തിരിച്ചെത്തിച്ചു. ഇന്ന് രണ്ട് വിമാനങ്ങളിലായി 400 പേര് കൂടി രാജ്യത്തെത്തും. സൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മാനുഷീക ഇടനാഴി പ്രാവര്‍ത്തികമാകുന്നത് അനുസരിച്ച് ഇവരെ കൂടി ഒഴിപ്പിക്കും. സുമിയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി എത്തിക്കാന്‍, റഷ്യയുമായും യുക്രൈനുമായും നയതന്ത്രചര്‍ച്ചകള്‍ തുടരുകയാണ്.
ഇന്ത്യന്‍ എംബസി സംഘം പോള്‍ട്ടോവയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ആക്രമണം തുടരുന്നതിനാല്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകുന്നില്ല. റഷ്യ വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ സൂമി, ഹാര്‍കിവ്, മരിയുപോള്‍ എന്നിവിടങ്ങളില്‍ മാനുഷിക ഇടനാഴികള്‍ തുറക്കാനാവില്ലെന്നുമാണ് യുക്രെയ്ന് നിലപാട്.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും, വെടി നിര്‍ത്തല്‍ പ്രായോഗിക തലത്തില്‍ വരാത്തതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്കോ പരീക്ഷണങ്ങള്‍ക്കോ തയ്യാറല്ലെന്നും, ചര്‍ച്ചകള്‍ തുടരുകായാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.