മൂവാറ്റുപുഴ: ആന തൊഴിലാളികളുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സേവന വേതന വര്‍ദ്ധനവ് നടപ്പിലാക്കാന്‍ മൂവാറ്റുപുഴയില്‍ ചേര്‍ന്ന കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്, അഖില കേരള ആന തൊഴിലാളി യൂണിയന് (എഐറ്റിയുസി) ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആന തൊഴിലാളികളുടെ സേവന വേതനമാണ് വര്‍ദ്ധിപ്പിച്ചത്. തൃശൂര്‍ ജില്ല വരെയുള്ള മലബാര്‍ മേഖലയിലെ തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് നേരത്തെ തീരുമാനിച്ചിരുന്നു. ഇനി കൊല്ലം തിരുവനന്തപുരം ജില്ലയിലെ സേവന വേതന വര്ദ്ധനവിന്നായി അടുത്ത ദിവസം യോഗം ചേരും.
ആന ഉത്സവത്തിന് എഴുന്നുള്ളിപ്പിന് ക്ഷേത്ര കമ്മിറ്റി നിലവില്‍ നല്‍കിവരുന്ന 4000- രൂപ ഉത്സവ ബത്ത 5000- രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ആന ഉടമകള്‍ നിലവില്‍ നല്കി വരുന്ന എഴുന്നുള്ളിപ്പ് ശമ്പളമായ 1250- രൂപയാണ് ഇത് 1600- രൂപയായി വര്‍ദ്ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മറ്റ് ദിവസങ്ങളില്‍ നല്‍കിവരുന്ന 1250- രൂപ ശമ്പളം 1500- രൂപയായി വര്‍ദ്ധിപ്പിക്കും. മദപ്പാട് സമയത്ത് രണ്ട് തൊഴിലാളികള്‍ക്ക് നല്കി വരുന്ന 1350- രൂപ 1600- രൂപയായി വര്‍ദ്ധിപ്പിക്കും. ഒരു തൊഴിലാളി മാത്രമാണ് ഉള്ളതെങ്കില്‍ 950 രൂപ നല്‍കും. ആന പാപ്പാന്മാര്ക്ക് കുറഞ്ഞ ഇന്‍ ഷ്യൂ റന്‍സ് 10-ലക്ഷം രൂപ ഉടമ ഉറപ്പ് വരുത്തേണ്ടതാണ്.
ഓണത്തോടനുബന്ധിച്ച് ആന തൊഴിലാളികള്‍ക്ക് നല്കി വരുന്ന ബോണസ് തൃശൂര്‍ മേഖലയില്‍ നല്‍കിവരുന്ന ഒരു മാസത്തെ ശമ്പളം നല്‍കണം. ഒന്നാം പാപ്പാന് 13000- രൂപയും രണ്ടാം പാപ്പാന് 10750- രൂപയും മൂന്നാം പാപ്പാന് 8750 രൂപയുമാണ്. തുടര്‍ച്ചയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പാപ്പാന് മാത്രമേ ബോണസിന് അര്‍ഹതയുള്ളൂ. നിലവില്‍ കൂടുതല്‍ വേദനം നല്കുന്ന പാപ്പാന്മാര്ക്ക് നിലവില്‍ അത് തുടര്‍ന്ന് നല്‍കണം. എല്ലാ ആന തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ ഒരു പ്രവശ്യം രണ്ട് കവി മുണ്ടും രണ്ട് തോര്‍ത്തും ന ല്കണം.
യോഗത്തില്‍ കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് ഭാരവാഹികളായ ഹരിപ്രസാദ്.വി.നായര്‍, അന്‍സാരി വി.എം, സ്കറിയ കെ.എം, അഖില കേരള ആന തൊഴിലാളി യൂണിയന് (എഐറ്റിയുസി) ഭാരവാഹികളായ മുന്‍ എം എല്‍ എ ബാബു പോള്‍, അഡ്വ.സി.കെ ജോര്‍ജ്, മനോജ് അയ്യപ്പന് എന്നിവര്‍ പങ്കെടുത്തു.