നീറ്റിനെതിരായ ബില്ല് തമിഴ്നാട് നിയമസഭ വീണ്ടും പാസാക്കി. എ.ഐ.എ.ഡി.എം.കെയും പി.എം.കെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ചൊവ്വാഴ്ചത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രവേശന പരീക്ഷയ്ക്കെതിരായ നീറ്റ് വിരുദ്ധ ബില്‍ തമിഴ്നാട് സര്‍ക്കാര്‍ ശബ്ദവോട്ടിനിട്ട് പാസാക്കിയത്. ബില്ലിന് ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ഗവര്‍ണര്‍ ബില്ല് മടക്കി അയച്ചത്. 2021 ഒക്ടോബറിലാണ് ബില്ല് ആദ്യമായി പാസാക്കുന്നത്. ഏകകണ്ഠമായി തന്നെയായിരുന്നു പാസാക്കിയതും. അത് ഗവര്‍ണറുടെ അനുമതിക്കായി അയക്കുകയും ചെയ്തിരുന്നു. 142 ദിവസങ്ങള്‍ക്ക് ശേഷം ഗവര്‍ണര്‍ ബില്ല് മടക്കി അയക്കുകയും ചെയ്തു. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉണ്ടായി അതിന് ശേഷമാണ് ഇപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബില്ല് വീണ്ടും പാസാക്കിയത്.
ഇന്ന് തന്നെ ബില്ല് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇനിയും ഈ ബില്ല് മടക്കി അയക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. കാരണം നിയമ വിരുദ്ധമായിട്ടാണ് ഗവര്‍ണര്‍ ഇതില്‍ ഇടപെട്ടതും ബില്ല് മടക്കിയതും എന്ന ആരോപണമാണ് പ്രതിപക്ഷ ഭരണപക്ഷ പാര്‍ട്ടികളുടേത്. ഇനിയും അത് പാസ്സാക്കിയില്ലെങ്കില്‍ വലിയ രീതിയിലേക്ക് പ്രതിഷേധം ഉയരുമെന്നും നേതാക്കള്‍ അറിയിച്ചു.
നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നും നിയമസഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പറഞ്ഞു. നീറ്റ് വിദ്യാര്‍ഥികളെ സെമിത്തേരിയിലേക്കും ജയിലിലേക്കും അയക്കുന്നുവെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുകയാണ്. നീറ്റ് ചര്‍ച്ച ചെയ്യാന്‍ മാത്രമല്ല, ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാനും സംസ്ഥാന നിയമസഭയുടെ അവകാശം സംരക്ഷിക്കാനും വിദ്യാഭ്യാസ അവകാശം നേടിയെടുക്കാനും നമ്മള് എല്ലാവരും ഒത്തുചേര്‍ന്ന ചരിത്ര ദിനമാണിതെന്നും സ്റ്റാലിന് പറഞ്ഞു.