സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ ചുമതല പഴയിടം മോഹനന് നമ്പൂതിരി ഭംഗിയായി നിര്‍വഹിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചിലര്‍ അനാവശ്യ വിമര്‍ശനം അഴിച്ചുവിട്ടു. പഴയിടം ഭക്ഷണം തയ്യാറാക്കിയത് ഗവണ്മെന്റ് വിളിച്ച ടെന്റര്‍ വഴിയാണ്. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമര്‍ശനം അഴിച്ചു വിടുന്നത്.
‘പഴയിടം തന്റെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചു. ഇപ്പോള്‍ ഉണ്ടാകുന്ന ഈ വിവാദങ്ങള്‍ അനാവശ്യമാണ്. ഭക്ഷണം നല്കുന്ന കാര്യത്തില്‍ വന്നവരെ ആരെയും പഴയിടം നിരാശപ്പെടുത്തിയില്ല. ബ്രഹ്മണ മേധാവിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു. ഒരു വിവാദവും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടാക്കുന്നു എന്ന് മാത്രം. അടുത്ത കലോത്സവത്തിന് പഴയിടമില്ലെങ്കില്‍ ടെന്‍ഡര്‍ വഴി മറ്റൊരാളെ കണ്ടെത്തും. അദ്ദഹത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ല’, മന്ത്രി പ്രതികരിച്ചു.
കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ ആവൂ എന്നും നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകു എന്നും വി ശിവന്‍കുട്ടി പറഞ്ഞു. നോണ്‍ വേജ് നല്‍കുന്നതിനെ സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരുടേത് മാത്രമാണ്. പങ്കെടുത്ത ജനങ്ങള്‍ക്ക് പരാതികള്‍ ഒന്നുമില്ല. സ്കൂള്‍ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന് പഴയിടം വ്യക്തമാക്കിയിരുന്നു. സ്കൂള്‍ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദ്ദം കൊണ്ടാണ് വീണ്ടും മേളയ്ക്ക് എത്തിയത്. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും പഴയിടം മോഹനന് നമ്പൂതിരി വ്യക്തമാക്കി.