യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്പിലിന് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സജീവമാണെന്നും ഷാഫി വെറും ഷോ മാത്രമാണെന്നും വിമര്‍ശനം. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോള്‍ കളിച്ചു നടക്കുന്നു. ജനകീയ വിഷയങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന് നിലപാടില്ലെന്നും വിമര്‍ശനം. രൂക്ഷവിമര്‍ശനവുമായി ഐ ഗ്രൂപ്പും സുധാകരന് അനുകൂലികളുമാണ് രംഗത്തെത്തിയത്.
സംഘടനാപരമായ വീഴ്ചകളില്‍ നടന്ന ചര്‍ച്ചകളിലാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രധാന ആരോപണങ്ങളുയര്‍ന്ന ഘട്ടത്തില്‍ പോലും സംഘടന നിര്‍ജീവമാണെന്ന വിമര്‍ശനമാണ് എ, ഐ ഗ്രൂപ്പുകള്‍ യോഗത്തിലുന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലുണ്ടായ മാറ്റങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയെങ്കിലും എ, ഐ ഗ്രൂപ്പുകളിലുറച്ച് നില്‍ക്കുന്നവരാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.
കെപിസിസി പ്രസിഡന്റ് കെസുധാകരന് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫി പറമ്പിലും യോഗത്തിലുന്നയിച്ചു. എന്നാലിതിനെ സുധാകരന് അനുകൂലികള്‍ പ്രതിരോധിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ നിലവിലെ നേതൃത്വത്തിന്റെ പോരായ്മ കൊണ്ടാണ് പാര്‍ട്ടിക്ക് ഇടപെടേണ്ടി വരുന്നതെന്ന് ഷാഫിക്ക് റിജില്‍ മാക്കുറ്റി മറുപടിനല്കി. സംസ്ഥാന വൈസ് പ്രസിണ്ടന്റുമാരായനുസൂറിന്റെയും ബാലുവിന്റെയും നടപടി പിന്‍വലിക്കാത്തതിലും വിമര്‍ശനമുയര്‍ന്നു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാമെന്ന് ഷാഫി പറമ്പില്‍ മറുപടി നല്കി. ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മറ്റിയില്‍ ഷാഫി വ്യക്തമാക്കി. കെ ശബരിനാഥനെതിരെയും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.