അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാര്‍ച്ച് മൂന്ന്, ഏഴാം ഘട്ടം മാര്‍ച്ച് ഏഴ്, വോട്ടെണ്ണല്‍ മാര്‍ച്ച് 10 എന്നിങ്ങനെയാണ് വിവിധ തീയതികള്‍.
അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.34 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളും ഗ്രൗണ്ട് ഫ്ലോറില്‍ ആയിരിക്കും. 24.9 ലക്ഷം കന്നി വോട്ടര്‍മാരാണ് ഉള്ളത്. 11.4 ലക്ഷം സ്ത്രീകളും, 2.16 ലക്ഷം പോളിംഗ് സ്റ്റേഷനുകളുമാണ് ഉള്ളത്. ഒരു സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ക്കാണ് അനുമതി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ഷന് കമ്മിഷന്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയെന്ന് ഇലക്ഷന് കമ്മിഷന് അറിയിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖരുമായി ചര്‍ച്ച നടത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ഇലക്ഷന് കമ്മിഷന് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്ന് ഇലക്ഷന് കമ്മിഷന് അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക ഏറെ വെല്ലുവിളി നിറഞ്ഞകാര്യമാണെന്നും ഒമിക്രോണ്‍ സാഹചര്യത്തില്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും ആരോഗ്യ സെക്രട്ടറിയും ആരോഗ്യ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ പറഞ്ഞു. വോട്ടര്‍മാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനായി കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുളളവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന് ഉറപ്പ് വരുത്തും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനിച്ചതായി ഇലക്ഷന് കമ്മിഷന് അറിയിച്ചു. മാത്രമല്ല എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മുന്നണി പോരാളികളായി പ്രഖ്യാപിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 215368 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് 30380 പോളിംഗ് ബൂത്തുകള്‍ അധികമാണ്. 50 % പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് ഉറപ്പുവരുത്തും. ഓരോ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്റ്റേഷന് വനിതകള്‍ നിയന്ത്രിക്കും.