വരും മാസങ്ങളില്‍ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ ഏകദേശം 20,000 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിടുമെന്ന് കമ്പ്യൂട്ടര്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ആഗോള തലത്തിലായിരിക്കും ഈ പിരിച്ചു വിടലെന്നാണ് സൂചന. വിതരണ തൊഴിലാളികള്‍, കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകള്‍, ടെക്നോളജി സ്റ്റാഫ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
പിരിച്ചുവിടല്‍ കമ്പനിയിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചു വിടലായിരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇപ്പോള്‍ പണി പോകുന്ന ജീവനക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
ജീവനക്കാരുടെ പ്രകടനം വിലയിരുത്തണമെന്ന് ആമസോണ്‍ മാനേജര്‍മാരോട് നിര്‍ദേശിച്ചിരുന്നു. പിരിച്ചു വിടുന്ന ജീവനക്കാര്‍ക്ക് 24 മണിക്കൂറുകള്‍ക്ക് മുന്‍പ് അറിയിപ്പ് ലഭിക്കും. കരാര്‍ അനുസരിച്ചുള്ള തുകയും ലഭിക്കും.
പിരിച്ചുവിടലിനായി ആമസോണ്‍ ഒരു പ്രത്യേക വകുപ്പിനെയോ സ്ഥലത്തെയോ ആണ് ലക്ഷ്യമിടുന്നതെന്നും ഈ നീക്കം ബിസിനസ്സിലുടനീളമുള്ള ജീവനക്കാരെ ബാധിച്ചേക്കാമെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍.
ഉത്സവസീസണുകളില്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവില്‍ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലായിരുന്നു. ഈ വര്‍ഷം ആമസോണിന്റെ ഷെയര്‍ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു. വിലക്കയറ്റത്തിനിടയില്‍ ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ചെലവഴിക്കാന്‍ പണം കുറവായതാണ് ഈ മാന്ദ്യത്തിന് കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.