കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണയേറുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് കര്‍ഷകര്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും ലഭിക്കുന്നുണ്ട്. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനില്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് നടത്തിയ യാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇവരില്‍ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ആല്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്കരികിലായിരുന്നു പ്രതിഷേധം. ട്രഫല്ഗര് ചത്വരത്തെ ചുറ്റി പ്രതിഷേധക്കാര്‍ റാലി നടത്തുകയും ചെയ്തു. പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയ ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബ്രിട്ടീഷ് സിഖ് വംശജരാണ് കൂടുതലും പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്.
അതേസമയം, കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ശിവസേനയും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കൂടി പിന്തുണ അറിയിച്ചതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം പതിനാറായി. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും കര്‍ഷക റാലികള്‍ നടക്കും.