കട്ടപ്പന കറുവാക്കുളത്ത് ചട്ടങ്ങൾ അവഗണിച്ച് അനധികൃത പാറമടയുടെ പ്രവർത്തനം. പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടിട്ടും ദിവസവും നൂറിലധികം ലോഡുകളോളം കല്ലുകൾ പൊട്ടിച്ച് നീക്കം ചെയ്യുന്നുണ്ട്. മൈനിംഗ് ആൻറ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പലതവണ നൽകിയ നിരോധന ഉത്തരവ് വെറും പേപ്പർ മാത്രമായി മാറി.
പാറമടയോ അനധികൃത ഖനനമോ ഒരു കാരണവശാലും അനുവദിക്കാത്ത കട്ടപ്പന വില്ലേജിൽ ഉൾപ്പെട്ട കുത്തക പാട്ട സ്ഥലം പുലർച്ചെ നാലുമണി മുതൽ അവിടെ ലോഡ് കണക്കിന് പാറ പൊട്ടിച്ചു കടത്തുകയാണ്. മാസങ്ങളായി പ്രവർത്തിക്കുന്ന പാറമടക്കെതിരെ ജില്ല കളക്ടർക്ക് നാട്ടുകാർ മൂന്നുതവണ പരാതി നൽകി. പിന്നാലെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പാറമടയുടെ പ്രവർത്തനം തുടരുകയാണ്.