ലഖിംപുരില്‍ കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. വ്യക്തതയുള്ള ദൃശ്യങ്ങളില്‍ കര്‍ഷകരുടെ മേല്‍ അതിവേഗത്തില്‍ വാഹനം ഇടിച്ചു കയറ്റുന്നത് കാണാം. കര്‍ഷകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് കര്‍ഷകരുടെ മേല്‍ കയറുകയായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി അജയ് മിശ്ര വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ വാദം പൊളിക്കുന്നതാണ് പുതിയ ദൃശ്യങ്ങള്‍.
ലഖിംപുര്‍ സംഘര്‍ഷം ജസ്റ്റിസ് പ്രദീപ്കുമാര്‍ ശ്രീവാസ്തവ അന്വേഷിക്കും. അലഹബാദ് ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയാണ് ശ്രീവാസ്തവ. രണ്ടു മാസത്തിനകം കമ്മിഷന് അന്വേഷണം പൂര്‍ത്തിയാക്കും.
ലഖിംപൂരില്‍ കര്‍കര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ന്യായീകരണം തുടരുന്നതിനിടെയാണ് വിമര്‍ശിച്ച് വരുണ്‍ ഗാന്ധി രംഗത്തെത്തിയത്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ വരുണ്‍ ഗാന്ധി കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോയും പങ്കുവച്ചു.
നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണമെന്നും നീതി ലഭ്യമാക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപൂര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.