ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ആദ്യ രണ്ട് ശ്രമങ്ങളില്‍ മികച്ച ദൂരമാണ് നീരജ് കാഴ്ച വച്ചത്. ആദ്യശ്രമത്തില്‍ 87.03 മീറ്ററാണ് പ്രകടനം. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി 87.58 മീറ്ററിലെത്തി. അണ്ടര്‍ 20 ലോകചാമ്പ്യനും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനുമാണ് നീരജ്.
ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് സ്വര്‍ണമെഡലാണ് നീരജ് ചോപ്രയുടേത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവാണ് നീരജ്. രണ്ടാം ശ്രമത്തിലാണ് നീരജ് സ്വര്‍ണ മെഡല്‍ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങള്‍ക്കാണ് വെള്ളി, വെങ്കല മെഡലുകള്‍. രണ്ടാമത് ജാക്കൂബ് വ്ലാഡ്ലെച്ചും (86.67 മീറ്റര്‍) മൂന്നാമത് വിറ്റസ്ലേവ് വെസ്ലിയും (85.44 മീറ്റര്‍) ഫിനിഷ് ചെയ്തു.
ആദ്യ അവസരത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം താണ്ടി ഗംഭീര തുടക്കമാണ് നീരജിനു ലഭിച്ചത്. യോഗ്യതാ റൗണ്ടിലെ 86.65 മീറ്ററിനെക്കാള്‍ മികച്ച ദൂരമാണ് നീരജ് ആദ്യ ശ്രമത്തില്‍ തന്നെ കണ്ടെത്തിയത്. ജര്‍മനിയുടെ ഗോള്‍ഡ് മെഡല്‍ പ്രതീക്ഷയായ ലോക ഒന്നാം നാമ്പര്‍ താരം ജൊഹാനസ് വെറ്റര്‍ 82.52 മീറ്റര്‍ ദൂരം എറിഞ്ഞ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജര്‍മനിയുടെ മറ്റൊരു താരം ജൂലിയന്‍ വെബര്‍ 85.30 മീറ്റര്‍ ദൂരെ ജാവലിന്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തും 83.98 ദൂരം എറിഞ്ഞ ചെക്ക് റിപ്പബ്ലിക് താരം ജാക്കുബ് വാഡ്ലെച്ച് മൂന്നാമതും എത്തി.
രണ്ടാം അവസരത്തില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞ് നീരജ് വീണ്ടും നില മെച്ചപ്പെടുത്തി. ജൊഹാനസ് വെറ്റര്‍ വഴുതി വീണ് ത്രോ ഫൗളായി. രണ്ടാം അവസരത്തില്‍ ചില ഫൗളുകള്‍ വന്നപ്പോള്‍ ആദ്യ അവസരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തന്നെ യഥാക്രമം അടുത്തടുത്ത സ്ഥാനങ്ങളില്‍ തുടര്‍ന്നു. നീരജ് മാത്രമാണ് രണ്ടാം അവസരത്തില്‍ നില മെച്ചപ്പെടുത്തിയത്.
മൂന്നാം ശ്രമത്തില്‍ നീരജിന്റെ ഏറ് 76.79 മീറ്ററില്‍ അവസാനിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ വിറ്റസ്ലേവ് വെസ്ലി 85.44 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്ത് കുതിച്ചെത്തി. വെറ്ററിന്റെ മൂന്നാം ശ്രമവും ഫൗളായി. ഇതോടെ വെറ്റര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. ആദ്യ മൂന്ന് അവസരങ്ങള്‍ അവസാനിക്കുമ്പോള്‍ ആദ്യ 8 സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കേ അടുത്ത ഘട്ടത്തിലേക്ക് അവസരമുണ്ടാവൂ. 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത വെറ്റര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായില്ല. 2012 റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരമാണ് വെറ്റര്‍.
നീരജിന്റെ നാലാം ശ്രമം ഫൗളായി. ആദ്യ ശ്രമങ്ങളിലെ മികച്ച ദൂരം നീരജില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് അവസാനത്തെ രണ്ട് ത്രോകള്‍ തെളിയിച്ചു. അഞ്ചാം ശ്രമത്തില്‍ 86.67 മീറ്റര്‍ ദൂരെ ജാവലിന്‍ എറിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാഡ്ലെച്ച് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നീരജിന്റെ ത്രോ വീണ്ടും ഫൗളായി. അഞ്ചാം ശ്രമം അവസാനിക്കുമ്പോള്‍ ഒന്നാമത് നീരജ് തന്നെ തുടര്‍ന്നു. രണ്ടാമത് ജാക്കൂബ് ചെക്ക് റിപ്പബ്ലിക്കിന്റെ വ്ലാഡ്ലെച്ചും മൂന്നാമത് ചെക്ക് റിപ്പബ്ലിക്കിന്റെ തന്നെ വിറ്റസ്ലേവ് വെസ്ലിയുമായിരുന്നു.