തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാര്‍ വഴി ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ശോഭ സുരേന്ദ്രനേയും കെ.സുരേന്ദ്രനേയും താക്കീത് ചെയ്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അതൃപ്തി വ്യക്തമാക്കി പ്രകാശ് ജാവദേക്കര്‍. ശോഭ സുരേന്ദ്രന് ചെയ്തത് തെറ്റാണ്. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും ബിജെപി നേതൃയോഗത്തില്‍ ജാവദേക്കര്‍ വിമര്‍ശിച്ചു. കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിച്ച കെ സുരേന്ദ്രന്റെ നടപടിയും ജാവദേക്കര്‍ ചോദ്യം ചെയ്തു.
പലരുമായും ചര്‍ച്ച നടത്തും. അത് തുറന്നു പറയുന്നത് കേരളത്തില്‍ മാത്രമാണ്. കൂടിക്കാഴ്ച സംബന്ധിച്ച് എങ്ങനെയാണ് ശോഭ അറിഞ്ഞതെന്നും ജാവദേക്കര്‍ ചോദിച്ചു. മറ്റ് പാര്‍ട്ടിയിലുള്ളവര്‍ ഇനി ചര്‍ച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണ്. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
യോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനിന്നത് ചര്‍ച്ചയായിട്ടുണ്ട്. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കളാണ് വിട്ടു നില്‍ക്കുന്നത്. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടിയില്‍ പുകയുന്ന അതൃപതിയാണ് നേതാക്കളുടെ വിട്ടുനില്‍ക്കലിലൂടെ വ്യക്തമാകുന്നത്. സംസ്ഥാന ഘടകത്തിന്റെ അവഗണയില്‍ പ്രതിഷേധിച്ചാണ് നേതാക്കളുടെ വിട്ടുനില്‍ക്കലെന്നാണ് സൂചന.