പട്ടാമ്പി: പാലക്കാട് വല്ലപ്പുഴ ചെറുകോട് യുവതി പൊള്ളലേറ്റ് മരിച്ചു. യുവതിക്കൊപ്പം പൊള്ളലേറ്റ രണ്ട് പെണ്മക്കള് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീന (35) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (ആറ്) എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. മുറിയുടെ അകത്തുനിന്നും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സംഭവസമയത്ത് പ്രദീപിന്റെ മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് നിലവിളി കേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് സംഭവമറിയുന്നത്.
തുടര്‍ന്ന് അയല്‍വീട്ടുകാര്‍ എത്തി വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബീന മരിക്കുകയായിരുന്നു. മക്കള്‍ രണ്ടുപേരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവ സമയം പ്രദീപ് വടകരയിലെ ജോലിസ്ഥലത്തായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും നാട്ടുകാര്‍ പറയുന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.