ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീ കോടതി ഫയലില്‍ സ്വീകരിച്ചു. ഏപ്രില്‍ 9നാണ് ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുക. എഐവൈഎഫിനായി സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനായ ആഭിത് അലി ബീരാന് വാദിക്കും.
പൗരത്വ ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കാനുള്ള നിരന്തരമായ പോരാട്ടത്തിലാണ് എഐവൈഎഫ് എന്ന് എന്‍ അരുണ്‍ വ്യക്തമാക്കി. ഭരണഘടന വിരുദ്ധമായ നിയമം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണു പൗരത്വ നിയമ ഭേദഗതി. ഹിന്ദു രാഷ്ട്രമെന്ന ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളുടെ ലക്ഷ്യം നിറവേറ്റുന്നതിനായുള്ള ആദ്യ നടപടിയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും തുടച്ചുമാറ്റപ്പെടേണ്ട ശത്രുവായി പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയാണ് പൗരത്വ ഭേദഗതി നിയമമെന്ന് എന്‍ അരുണ്‍ വ്യക്തമാക്കി.