കാലടി സര്‍വകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോപിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ മുന്‍ എം.പി എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമര്‍ തറമേല്‍. വിഷയ വിദഗ്ധനായി ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് രാജേഷിന് മറുപടി നല്‍കിയത്.
മറ്റൊരു ഉദ്യോഗാര്‍ഥിക്ക് വേണ്ടി നിനിതയോട് പിന്മാറാന് അപേക്ഷിക്കും വിധം ഇന്റര്‍വ്യു ബോര്‍ഡിലുള്ളവര്‍ ഉപജാപം നടത്തിയെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുമോയെന്നാണ് എം ബി രാജേഷിനോട് ഉമര്‍ തറമേലിന്റെ ചോദ്യം. നിനിതയോട് പിന്മാറാന് പറയാന്‍ ആരെയും ഏല്പിച്ചിട്ടില്ല. പഠന വകുപ്പ് മേധാവിയെന്ന നിലയിലാണ് ഉദ്യോഗാര്‍ഥിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നിനിത എന്ന ഉദ്യോഗാര്‍ഥിയുടെ പി.എച്ച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല. അക്കാദമിക ചര്‍ച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ ഒരു പ്രശ്നം കക്ഷി, മുന്നണി, തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേക്ക് വലിച്ചുകൊണ്ട് പോയത് തങ്ങളല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഒരു താത്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ സംഭവിക്കുന്നതാണെന്നും ഉമര്‍ തറമേല്‍ പറഞ്ഞു.
നിനിതയുടെ നിയമനം അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും മൂന്നു പേര് ചേര്‍ന്നാണ് ഇതിനായി ഉപജാപം നടത്തിയതെന്നും എം.ബി രാജേഷ് ഇന്നലെ ആരോപിച്ചിരുന്നു. പിന്മാറിയില്ലെങ്കില് മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് വേണ്ടിയായിരുന്നു ഗൂഢാലോചന നടത്തിയതെന്നുമായിരുന്നു രാജേഷിന്റെ ആരോപണം. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് രാജേഷ് വെളിപ്പെടുത്തിയിട്ടില്ല.
ഫേസ് ബുക്ക് കുറിപ്പിന്‍െ പൂര്‍ണരൂപം:
താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ച ഇക്കാര്യങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ. ഞങ്ങള്‍ക്ക് താല്പര്യമുള്ള ഒരു ഉദ്യോഗാര്‍ഥിക്ക് വേണ്ടി ശ്രീമതി നിനിതയോട് പിന്മാറാന് അപേക്ഷിക്കും മട്ടില്‍ ഞങ്ങള്‍ സബ്ജക്റ്റ് എക്സ്പേര്‍ട്സ് ഉപജാപം നടത്തി എന്നത്. ഞങ്ങള്‍ ഏതായാലും അങ്ങനെയൊരാളെ ചുമതലപ്പെടുത്തിയിട്ടില്ല. താങ്കള്‍ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കില്‍, വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് അയാള്‍ക്ക് എവിടുന്നു കിട്ടിയെന്നും, അറിയേണ്ടതുണ്ട്.
മറ്റൊന്ന്,
2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയിലുള്ള ഏത് ഉദ്യോഗാര്‍ഥിക്കും പഠനവകുപ്പിലെ ഏതു അധ്യാപകരില്‍ നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ സബ്ജക്റ്റ് എക്സ്പേര്‍ട്ട് ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികള്‍
അതുപോട്ടെ, ഞാന്‍ നുഴഞ്ഞു കയറി ബോര്‍ഡില്‍ വന്നതാണോ, സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിളിച്ചിട്ട് വന്നതല്ലേ താന്‍ ജോലി ചെയ്യുന്ന സര്‍വകലാശാലയിലൊഴികെ ഏതു സര്‍വകലാശാലയിലും സബ്ജക്റ്റ് എക്സ്പേര്‍ട്ട് ആയി വിളിക്കാം എന്നാണ് ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുള്ളത്. ഇതൊക്കെ സ്വജന പക്ഷപാതമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. പിന്നെ നിനിത എന്ന ഉദ്യോഗാര്‍ഥിയുടെ പിഎച്ച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങള്‍ എക്സ്പെര്ട്ടുകള് തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തില്‍, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കാതിരിക്കുക.
(ഇത്തരം വിവാദ /സംവാദങ്ങളില്‍ നിന്നും ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്. അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ ‘വിസിബിലിറ്റി’യില്‍നിന്നും മാറിനില്‍ക്കുന്നത്. ഞങ്ങളെ ഏല്പിച്ച കാര്യം പൂര്‍ത്തിയാക്കി. അതില്‍വന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അക്കാഡമിക ചര്‍ച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങള്‍ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങള്‍ക്ക് ഒരു താല്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ്, എന്നു കൂടി ആവര്‍ത്തിക്കുന്നു.)
https://www.facebook.com/umertharamel.tharamel/posts/3657083511039101