കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം നടത്തുന്ന ഡല്‍ഹി അതിര്‍ത്തിയായ ടിക്രിയില്‍ വീണ്ടും ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. 52 വയസ്സുകാരനായ ഹരിയാന സ്വദേശി കരം വീര്‍ സിങാണ് ‘തന്റെ മരണത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്ന്’ എഴുതിവെച്ച് ആത്മഹത്യ ചെയ്തത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
രണ്ട് മാസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ നിരവധി കര്‍ഷകര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. നിരവധി പേര് ജീവനൊടുക്കി. കഠിന ശൈത്യവും വിവിധ അപകടങ്ങളും നിരവധി കര്‍ഷകരുടെ ജീവനെടുത്തു.
എഴുപത് ദിവസം നീണ്ട സമരത്തില്‍ പതിനൊന്ന് വട്ടമാണ് കേന്ദ്രവും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് തീരുമാനിച്ച കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്.