എം.ജി സര്‍വകാലാശാലയിലെ ഗവേഷകയുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. വേണ്ടി വന്നാല്‍ അധ്യാപകനെ മാറ്റി നിര്‍ത്താന്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്കി. അധ്യാപകനെ മാറ്റി നിര്‍ത്താന്‍ തടസമെന്തെന്ന് സര്‍വകലാശാലയോട് വിശദീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
ആരോപണ വിധേയനായ അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറി നില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതൊരുറപ്പായെടുത്ത് സമരത്തില്‍ നിന്നു പിന്മാറണമെന്ന് വിദ്യാര്‍ഥിനിയോട് അഭ്യര്‍ത്ഥിക്കുന്നു. കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാന്‍ വരാത്തത്, മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
എംജി സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ഥിനിയായ ദീപ പി. മോഹനന് നടത്തിവരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ടു കൊണ്ട്, വിദ്യാര്‍ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ കണ്ട് സര്‍വ്വകലാശാലാ അധികൃതര്‍ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസങ്ങള്ക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി- ലാബ്- ഹോസ്റ്റല്‍ സംവിധാനങ്ങളുള്‍പ്പെടെ എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കാമെന്നും താന്‍ തന്നെ ഗൈഡായി പ്രവര്‍ത്തിക്കാമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പുകൊടുക്കുകയും ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
എന്നാല്‍, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തടസമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടു പോയിരിക്കുന്നത്. ഹൈക്കോടതിയും പട്ടികജാതി- പട്ടികവര്‍ഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയില്‍. ഇവകൂടി പരിഗണിച്ച് വിദ്യാര്‍ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതിക തടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്.വിദ്യാര്‍ത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണ വിധേയനായ അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതൊരുറപ്പായെടുത്ത് സമരത്തില്‍ നിന്നു പിന്മാറണമെന്ന് വിദ്യാര്‍ഥിനിയോട് അഭ്യര്‍ത്ഥിക്കുന്നു. കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാന്‍ വരാത്തത്.