രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യുപി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. ലംഖിപൂര്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ലഖിംപൂര്‍ ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.
പ്രിയങ്ക ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സീതാപൂരില്‍ ഉപരോധ സമരം തുടര്‍ന്നിരുന്നു. ഇതിനിടെ പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ചുമത്തിയിരിക്കുന്ന കുറ്റമെന്താണ് എന്നതില്‍ വ്യക്തതയില്ലെന്നും കോടതിയില്‍ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. തനിക്ക് വസ്ത്രം കൊണ്ടു വന്നവരെയും പ്രതികളാക്കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
ഇതിനിടെ ലംഖിപൂര്‍ ഖേരി സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ലഖ്നൗവില്‍ എത്തി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി പൊലീസ് അനുമതി നല്‍കിയിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈകിട്ടോടെ സന്ദര്‍ശിക്കും.