ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. ഇടത് മുന്നണി പ്രവേശനത്തിന്റെ മുന്നോടിയായാണ് രാജിയെന്നാണ് ലഭിക്കുന്ന വിവരം. കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. ഇതിനിടെയാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നും ഇടത് മുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പാലാ സീറ്റ് ലഭിക്കുന്നതിനാണ് ഈ നീക്കം.
എന്നാല്‍ പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. പാലയും കുട്ടനാടും മോഹിച്ച് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരേണ്ടെന്നാണ് പാലായില്‍ അട്ടിമറി വിജയം നേടിയ എംഎല്‍എ മാണി സി കാപ്പന് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇടത് മുന്നണി പ്രവേശനം സാധ്യമായാലും സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്.
ജോസ് കെ മാണി പക്ഷത്തെ ഒപ്പം കൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐഎം, സിപിഐ ഉഭകക്ഷി ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ആദ്യമായാണ് ഈ വിഷയത്തില്‍ സിപിഐ ചര്‍ച്ചയ്ക്ക് തയാറായത്. ചര്‍ച്ചയ്ക്കുളള നിര്‍ദേശം മുന്നോട്ടുവച്ചത് സിപിഐഎം ആയിരുന്നു. തദേശ തെരഞ്ഞെടുപ്പില്‍ ജോസ് പക്ഷവുമായി ധാരണയാകാമെന്ന അഭിപ്രായമാണ് സിപിഐ മുന്നോട്ടുവച്ചത്.
രാഷ്ട്രീയ നിലപാടെടുത്തതിന്റെ പേരില്‍ ജോസ് കെ മാണി വഴിയാധാരമാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. ജോസിനോട് നിഷേധാത്മക നിലപാടില്ലെന്നായിരുന്നു കോടിയേരി വ്യക്തമാക്കിയത്.