ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധമായ വാർത്തയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെജിഎംഒഎ. ആരോഗ്യ മന്ത്രാലയത്തിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും പ്രതിച്ഛായ തകർക്കുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.
ശരീരത്തിൽ ഉണ്ടാകുന്ന സെബേഷ്യസ് സിസ്റ്റ് എന്ന മുഴ നീക്കം ചെയ്തതിനുശേഷം ഉള്ളിലെ പഴുപ്പ് പോകുന്നതിനു വേണ്ടി ഗ്ലൗ ഡ്രയിൻ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണാജനകമായ വാർത്തയ്ക്ക് അടിസ്ഥാനമെന്ന് കെജിഎംഒഎ പ്രസിഡൻ്റ് ഡോ. സുരേഷ് ടി എൻ, ജനറൽ സെക്രട്ടറി ഡോ. സുനിൽ പി കെ എന്നിവര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കെജിഎംഒഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.