കെ.എം. മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യട്ടെ എന്നും എ. വിജയരാഘവന് പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുന്നതിനും തുടര്‍ നടപടിക്കുമായാണ് ഇന്നു മുതല്‍ സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ തുടങ്ങുന്നത്. ഇന്നും നാളെയും സെക്രട്ടേറിയറ്റും വെള്ളിയും ശനിയും സംസ്ഥാന സമിതിയും യോഗം ചേരും.
മിന്നുന്ന ജയത്തിനിടയിലും കുണ്ടറ, തൃപ്പൂണിത്തുറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ ഞെട്ടിക്കുന്ന തോല്‍വി പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചു. അമ്പലപ്പുഴയില്‍ നിന്ന് ജയിച്ച എച്ച്. സലാം മുന്‍മന്ത്രിയും സംസ്ഥാന സമിതിയംഗവുമായ ജി. സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പാര്‍ട്ടിയില്‍ ഉന്നയിച്ചിരിക്കുന്നത്. സലാമിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തള്ളിപ്പറയാന്‍ തയ്യാറാകാത്തതടക്കമുള്ള കാര്യങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കപ്പെട്ടു.
ഇക്കാര്യത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതിയോഗം തീരുമാനമെടുക്കും. അരുവിക്കരയില്‍ ജി. സ്റ്റീഫന്‍ അട്ടിമറി ജയം നേടിയെങ്കിലും അവിടെ ആദ്യം സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ട മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.കെ. മധു കാലുവാരാന്‍ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ കമ്മറ്റിയെ വച്ചിട്ടുണ്ട്. ഘടക കക്ഷികള്‍ മല്‍സരിച്ച ചില സീറ്റുകളിലെ പരാജയവും പാര്‍ട്ടി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്.