സുപ്രിംകോടതിയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കു പിഴയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സുപ്രിംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നും പാര്‍ട്ടി വിലയിരുത്തി.
വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം സ്റ്റിയറിംഗ് കമ്മിറ്റിയിലും ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
സുപ്രിം കോടതിയില്‍ കെ എം മാണി അഴിമതിക്കാരന്നൊയിരുന്നു വിവാദ പരാമര്‍ശം. എന്നാല്‍ സുപ്രിം കോടതിയില്‍ കെഎം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പറഞ്ഞു. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു.
കോടതിയില്‍ പറഞ്ഞത് യുഡിഎഫ് അഴിമതിയെക്കുറിച്ചാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയായിരുന്നു എല്‍ഡിഎഫ് നിയമസഭയില്‍ പ്രതിഷേധിച്ചത്. എല്ലാ തരം അഴിമതിയുടേയും കേന്ദ്രമാണ് യുഡിഎഫ് എന്നും എ.വിജയരാഘവന് പറഞ്ഞു.