കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സിപിഐഎം പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കുമ്മനം രാജശേഖരന്, വി. മുരളീധരന്, കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കളാണ് വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
ബി.ജെ.പിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന സി.പി.എം നിലപാട് ഫാസിസമാണ്. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് സി.പി.എം സി.പി.ഐ ബന്ധമെന്നും കുമ്മനം ആരോപിച്ചു. ഇത് മറച്ചുവച്ചാണ് പൊലീസ് അന്വേഷണം, പൊലീസ് അന്വേഷണം പക്ഷപാതപരമാണ്. ബി.ജെ.പിക്കെതിരെ പൊലീസിനെ ദുരുപയോഗിക്കുന്നു. എം.എല്‍.എയ്ക്കും എ.ഐ.എസ്.എഫ് നേതാക്കള്‍ക്കും പങ്കുണ്ട്. ബി.ജെ.പിയെ കരിതേച്ച് ജനമധ്യത്തില്‍ ഒറ്റപ്പെടുത്താനാണ് ശ്രമം അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം സര്‍ക്കാര്‍ ഇടപെട്ട് വിലക്കിയെന്നും കുമ്മനം ആരോപിച്ചു. കീഴ്വഴക്കങ്ങളുടെ ലംഘനമാണ്, ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. ബി.ജെ.പിയോട് മാത്രമാണ് ഈ വിവേചനമെന്നും കുമ്മനം ആരോപിച്ചു.
കൊടകര കേസിലെ പ്രതികള്‍ സിപിഐഎം, സിപിഐ പ്രവര്‍ത്തകരാണ്. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് നേതാക്കള്‍ ചോദിച്ചു. ധര്‍മരാജന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് പ്രകാരമുള്ളവരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സിപിഐഎം പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ ചോദിക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നീക്കം നടക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. എല്ലാ ബിജെപി പ്രവര്‍ത്തകരും ഈ വെല്ലുവിളി ഏറ്റെടുക്കും. കൊടകര കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ഒരു കാരണവും നിരത്താതെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചവര്‍ എല്ലാവരും ഹാജരാകുന്നുണ്ട്. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.