വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചു വെന്ന ആരോപണവുമായി അഡ്വ. ഷോണ്‍ ജോര്‍ജ്. നമ്മളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുകയും അവരുടെ ചിത്രം ഡിസ്പ്ലേ പിച്ചറായി വെച്ചുമാണ് പണം തട്ടാനുള്ള ശ്രമം നടത്തുന്നതെന്ന് ഷോണ്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന കെണിയുടെ അനുഭവം വെളിപ്പെടുത്തി കൊണ്ടാണ് അദ്ദേഹം ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മെസഞ്ചര്‍ ചാറ്റിലൂടെ ഷോണിനോട് ‘വ്യാജന്’ 15000 രൂപ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയതോടെ യഥാര്‍ത്ഥ വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടാണ് കള്ളത്തരം പൊളിഞ്ഞത്.
സംഭവത്തെകുറിച്ച് ഷോണ്‍ പറയുന്നതിങ്ങനെ:
പ്രിയ സുഹൃത്തുക്കളെ, എന്റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് എന്റെ ഒരു അടുത്ത സുഹൃത്തിന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നു. കണ്‍ഫോം ചെയ്ത് ഒരു മിനിറ്റിനകം മെസ്സഞ്ചറില്‍ എന്തുണ്ട് വിശേഷം, എവിടെയാണ് എന്ന് ചോദിച്ചു കൊണ്ട് മെസ്സേജുകള്‍ വന്നു, അതിന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ എനിക്ക് ഒരു അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് മറ്റൊരു മെസ്സേജ് വന്നു. ചാറ്റുകള്‍ എല്ലാം ഇംഗ്ലീഷിലാണ്. അത്യാവശ്യം എന്താണെന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിക്കുകയും ഉണ്ടെന്ന് മറുപടി നല്‍കുകയും ചെയ്തു. ഇതിനു ശേഷം എനിക്ക് അത്യാവശ്യമായി 15,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
എനിക്ക് ഈ വ്യക്തിയെ നന്നായി അറിയുന്ന ആള് ആയതുകൊണ്ടും ഒരിക്കലും അദ്ദേഹം 15000 രൂപയ്ക്ക് വേണ്ടി എന്നെ സമീപിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടും ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. അപ്പോള്‍ അദ്ദേഹം ഇത് എന്താണ് സംഭവം എന്ന് പോലും അറിഞ്ഞിട്ടില്ല എന്നാണ് മറുപടി പറഞ്ഞത്. ഇത്തരം രീതിയില്‍ വലിയ തട്ടിപ്പുകളാണ് ഈ ലോക്ക് ഡൗണ്‍ കാലത്ത് സമൂഹത്തില്‍ നടക്കുന്നത്. നമ്മുടെയെല്ലാം ഏറ്റവും അടുത്ത ആളുകളുടെ ചിത്രം പ്രൊഫൈല്‍ ആക്കി കൊണ്ട് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ പൈസയും, അക്കൗണ്ട് വിവരങ്ങളും ചോദിച്ചു കൊണ്ടുള്ള മെസ്സേജുകള്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.