തിരുവനന്തപുരം: തടവുകാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വൈദ്യ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും പരിശോധനാ റിപ്പോര്‍ട്ട് പൊലീസിനും പ്രതിക്കും നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ അംഗീകരിച്ച അറസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. തടവുകാര്‍ക്ക് പൊലീസ് മര്‍ദനമോ മൂന്നാം മുറയോ നേരിടേണ്ടി വന്നോയെന്ന് പ്രത്യേകം പരിശോധിക്കണമെന്നും വനിതാ തടവുകാരെ വനിതാ ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തടവുകാരുടെ ദേഹത്തുള്ള പരിക്കുകളും മുറിവുകളും പ്രത്യേകം രേഖപ്പെടുത്തണമെന്നും അറസ്റ്റിലായവര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും വൈദ്യ പരിശോധന നടത്തുമ്പോഴുള്ള മാനദണ്ഡങ്ങളില്‍ നിര്‍ദേശിച്ചു.
അറസ്റ്റിലായ വ്യക്തികളുടെ മെഡിക്കല്‍ പരിശോധന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഡോക്ടര്‍മാര്‍ നടത്തണമെന്നും അവരുടെ അഭാവത്തില്‍ മാത്രമേ സ്വകാര്യ ഡോക്ടര്‍മാര്‍ നടത്താവൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.
വൈദ്യ പരിശോധനക്ക് എത്തിക്കുന്ന രോഗികള്‍ കാത്ത് നില്‍ക്കേണ്ടതില്ലെന്നും വൈദ്യ പരിശോധനയും ക്ലിനിക്കല്‍ പരിശോധനയും സൗജന്യമായി നല്‍കണമെന്നും നിര്‍ദേശിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രം സ്വകാര്യ ലാബില്‍ പരിശോധന നടത്താമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.
അറസ്റ്റിലായ വ്യക്തികള്‍, റിമാന്റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് മന്ത്രിസഭാ യോഗം അംഗീകാരം നല്കിയ മെഡിക്കോ – ലീഗല്‍ പ്രോട്ടോകോള്‍, പൂര്‍ണ രൂപം:
നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ അറസ്റ്റിലായ വ്യക്തിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കണം.
അറസ്റ്റിലായ വ്യക്തിയുടെ മെഡിക്കോ ലീഗല്‍ പരിശോധനക്കുള്ള അപേക്ഷ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സേവനത്തിലുള്ള ഒരു മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. അവരുടെ അഭാവത്തില്‍ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് നല്‍കാം.
24 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതിനാല്‍ വൈദ്യപരിശോധനക്ക് കൊണ്ടുവരുമ്പോള്‍ ഒ.പി രോഗികളുടെ ഇടയില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം.
സ്ത്രീയെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേവനത്തില്‍ ഉള്ള വനിതാമെഡിക്കല്‍ ഓഫീസറോ വനിതാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലോ വൈദ്യ പരിശോധന നടത്തണം. അവരുടെ അഭാവത്തില്‍ മാത്രം സ്വകാര്യ ആശുപത്രികളിലെ വനിതാ മെഡിക്കല്‍ ഓഫീസറെ സമീപിക്കാം.
മുറിവുകളോ അക്രമത്തിലുള്ള അടയാളങ്ങളോ ഉണ്ടായാല്‍ ഏകദേശ സമയം രേഖപ്പെടുത്തി മെഡിക്കല്‍ എക്സാമിനേഷന് റിപ്പോര്‍ട്ട് തയ്യാറാക്കണം.
പൊലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടായെങ്കില്‍ വിവരങ്ങള്‍ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കല്‍ ഓഫീസര്‍ രേഖപ്പെടുത്തണം.
നിലവില്‍ അസുഖ ബാധിതനാണോ, മുന്‍കാല രോഗബാധയുണ്ടോ എന്നീ വിവരങ്ങളും തേടണം. നിലവില്‍ മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം.
മുറിവുകള്‍ കണ്ടെത്തുന്നതിന് ശരീരത്തിന്റെ സമഗ്ര പരിശോധന നടത്തണം. പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകള്‍, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകള്‍ എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം.
ശാരീരിക ബലപ്രയോഗം തുടങ്ങി അതിക്രമങ്ങളുടെ രീതി സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തണം.
ഗുരുതര പരിക്കെങ്കില്‍ ലഭ്യമായ പരിശോധനകള്‍ കാലതാമസം കൂടാതെ നടത്താന്‍ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവ് നല്‍കണം.
വൈദ്യപരിശോധന, ക്ലിനിക്കല്‍ പരിശോധന എന്നിവ സൗജന്യമായി നല്‍കണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ സ്വകാര്യ ലാബിന്റെ സേവനം തേടാം. തുക എച്ച്.എം.സി ഫണ്ടില്‍നിന്നോ മറ്റോ കണ്ടെത്തണം.
പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടാം. പരിശോധനക്ക് കൊണ്ടുവന്ന സ്ഥാപനത്തില്‍ വിദഗ്ധരോ ജീവന്‍രക്ഷാ ചികിത്സനല്‍കുന്ന സൗകര്യങ്ങളോ ഇല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. മെഡിക്കല്‍ കോളേജ് ആശുപത്രി പോലുള്ള തൃതീയ പരിചരണ ആശുപത്രിയിലേക്ക് ഉടന്‍ റഫര്‍ ചെയ്യണം.
പരിശോധനയ്ക്കായി അപേക്ഷ നല്കിയ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ജീവന് രക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിലൊഴികെ ആ വ്യക്തിയെ ഡോക്ടര്‍ അഡ്മിറ്റ് ചെയ്യുകയോ റഫര്‍ ചെയ്യുകയോ ചെയ്യരുത്.
പരിശോധനാ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍ക്കോ അന്വേഷണ ഉദ്യോഗസ്ഥനോ പരിശോധന പൂര്‍ത്തിയാക്കിയ ഉടന്‍ നല്‍കണം. റിപ്പോര്‍ട്ടിന്റെ രണ്ടാമത്തെ പകര്‍പ്പ് അറസ്റ്റിലായ വ്യക്തിക്കോ അദ്ദേഹം നിര്‍ദേശിക്കുന്ന വ്യക്തിക്കോ സൗജന്യമായി നല്‍കണം. മൂന്നാമത്തെ പകര്‍പ്പ് ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ്.
ജയിലില്‍നിന്ന് രേഖാമൂലമുള്ള അഭ്യര്‍ത്ഥനപ്രകാരം റിമാന്‍ഡ് തടവുകാരന്റെ ആരോഗ്യ പരിശോധന അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ ചെയ്യാനുള്ള മാര്‍ഗ നിര്‍ദേശം:
ദേശീയ മനുഷ്യാവകാശ കമ്മീഷന് 17/5/ 2010 ഡി നമ്പര്‍ 417/ 2010 പ്രകാരം മെഡിക്കല്‍ പരിശോധന നടത്തണം.
ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കണം.
കിടത്തി ചികിത്സ ആവശ്യമായി വന്നാല്‍ കാലതാമസമില്ലാതെ നല്‍കണം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിമാന്‍ഡ് തടവുകാരുടെ ചികിത്സക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
ഹയര്‍ മെഡിക്കല്‍ സെന്ററിലെ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ക്ക് ചുമതല
റിമാന്‍ഡ് തടവുകാര്‍ക്കും ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉള്ള സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കുമുള്ള സൗകര്യങ്ങള്‍ തടവുകാരുടെ വാര്‍ഡില്‍ ഏര്‍പ്പെടുത്തിയെന്ന് ആശുപത്രി മേധാവി ഉറപ്പാക്കണം.