ഡല്‍ഹിയിലെ കര്‍ഷക സമരം ആരംഭിച്ചിട്ട് ഇന്ന് നൂറ് ദിവസം തികയുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ കുണ്ട്ലി- മനേസ്വര്‍ – പല്‍വാല്‍ എക്സ്പ്രസ് വേ അഞ്ചു മണിക്കൂര്‍ ഉപരോധിക്കും. രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് ഉപരോധം.
ഉപരോധം സമാധാനപരമായിരിക്കും. ആമ്പുലന്‍സ് അടക്കമുളള അവശ്യ വാഹനങ്ങളെ പ്രധാന പാതയിലൂടെ കടത്തിവിടും. നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം ശക്തമായി തുടരുമെന്ന് കര്‍ഷക നേതാവ് ധിരാജ് സിങ് പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കണമെന്നും സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നും ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത് വ്യക്തമാക്കി. കര്‍ഷകരുടെ റോഡ് ഉപരോധത്തിന്റെ പശ്ചാതലത്തില്‍ ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തി.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയുടെ പ്രധാന അതിര്‍ത്തികളില്‍ കര്‍ഷകരുടെ സഹന സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന, പശ്ചിമ യു.പി എന്നിവിടങ്ങളില്‍ നിന്നുളളവരാണ് സമരത്തില്‍ ഏറെയും പങ്കെടുക്കുന്നത്.