സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മാറ്റാനൊരുങ്ങി സര്‍ക്കാര്‍. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളുടെ പേര് ‘കെ-സ്റ്റോര്‍’ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കെ-സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അര്‍ഹരായ എല്ലാവര്ക്കും ലൈഫ് മിഷന് വഴി വീട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ വീട് നല്കിയതെല്ലാം അര്‍ഹതപ്പെട്ടവര്‍ക്കാണ്. കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബിപിഎല്‍ വിഭാഗത്തിന് നല്‍കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യ നിര്‍മാര്‍ജനത്തില്‍ അഭിമാനിക്കേണ്ട ഘട്ടത്തില്‍ കേരളം എത്തിയെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം പ്രാവര്‍ത്തികമായിട്ടില്ല. മാലിന്യം നാടിന് ദോഷം വരുത്തുന്ന പൊതുവായ കാര്യമാണ്.
മാലിന്യപ്ലാന്റ് വേണ്ടെന്ന് അതത് പ്രദേശത്തുള്ളവര്‍ തീരുമാനിക്കുന്നത് ശരിയല്ല. അതിനെതിരെ വികാരമുണ്ടായാല്‍ ശമിപ്പിക്കുകയാണ് എല്ലാവരും ചേര്‍ന്ന് ചെയ്യേണ്ടത്. ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.