അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് നിര്‍ണായക ലീഡ്. 264 ഇലക്ടറല്‍ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214 ഇലക്ടറല്‍ വോട്ടുകളാണ്.
ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റ്സില്‍ ബൈഡന് അപ്രതീക്ഷിത ലീഡാണ് ലഭിച്ചിരിക്കുന്നത്. നാല് സ്വിംഗ് സ്റ്റേറ്റ്സിന്റെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, അലാസ്ക, നെവാഡ എന്നിവിടങ്ങളിലെ ഫലങ്ങള്‍ നിര്‍ണായകമാണ്.
ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപിന് നേരിയ മുന്‍തൂക്കമുണ്ട്. നെവാഡ നിലനിര്‍ത്തിയാല്‍ ജോ ബൈഡന് വിജയം ഉറപ്പിക്കാമെന്നാണ് വിലയിരുത്തല്‍.
അതേസമയം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക് എന്ന സൂചന നല്കി മൂന്നു സംസ്ഥാനങ്ങളില്‍ കേസുകള്‍ ഫയല്‍ ചെയ്തു. പോസ്റ്റല്‍ ബാലറ്റില്‍ തര്‍ക്കം രൂക്ഷമാണ്. പെന്‍സില്‍വേനിയ, മിഷിഗന്‍, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ഡോണള്‍ഡ് ട്രംപ് പക്ഷം കോടതിയെ സമീപിച്ചു.
കള്ളവോട്ട് ആരോപിച്ച് ഡോണള്‍ഡ് ട്രംപ് കോടതിയെ സമീപിച്ചു. മിശിഗണ്‍ കോടതിയിലും, സുപ്രിംകോടതിയിലുമാണ് ട്രംപ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. പെന്‍സില്‍വാനിയയിലെ വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും വോട്ടെണ്ണല്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും വിസ്കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണണമെന്നും ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
6 ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള നെവാഡയില്‍ ബൈഡനു മേല്‍ക്കൈ ഉണ്ടെങ്കിലും വോട്ടെണ്ണല്‍ ഇന്നു മാത്രമേ പുനരാരംഭിക്കൂ. ഇതുകൂടി ലഭിച്ചാല്‍, ജോ ബൈഡനു പ്രസിഡന്റാകാം. ഒപ്പം ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായി ചരിത്രമെഴുതും.