മൂവാറ്റുപുഴ: മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കോവിഡ് അനുബന്ധ പകര്‍ച്ചവ്യാതി പ്രതിരോധ സംവിധാനം ഒരുക്കാന്‍ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. 1.79 കോടിയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. പദ്ധതി പ്രകാരം ഐസലേഷന്‍ വാര്‍ഡുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
പുതിയ വാര്‍ഡിനും ഐസലേഷന്‍ സൗകര്യങ്ങള്‍ക്കുമായി എന്‍എച്ച്എം, കിഫ്ബി ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന പൂര്‍ത്തിയാക്കി. പ്രീ എഞ്ചിനിയറിംഗ് സ്ട്രച്ചര്‍ സംവിധാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുക. 200 ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഐസലേഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് എംഎല്‍എ പറഞ്ഞു.
പദ്ധതിക്കായുള്ള ആശുപത്രികളുടെ തെരഞ്ഞെടുപ്പ് ചുമതല എംഎല്‍എമാര്‍ക്കാണ്. എംഎൽഎയാണ് ജനറൽ ആശുപത്രി തെരഞ്ഞെടുത്തത്. നിര്‍മ്മാണ ചെലവില്‍ 50% എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും ബാക്കി തുക സര്‍ക്കാരും കണ്ടെത്തും. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനാണ് മേല്‍നോട്ട ചുമതല.
സ്ഥല പരിശോധനക്ക് നഗരസഭ വൈസ് ചെയർ പേഴ്സൺ സിനി ബിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാട്ട്, കൗൺസിലർ ജിനു മടേക്കൽ, ആശുപത്രി സൂപ്രണ്ട് ഡോ. ആശ, അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനിയർ (ബിൽഡിംഗ്സ് ) നീന സൂസൻ പുന്നൻ എന്നിവർ നേതൃത്വം നൽകി.