മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് 50,000 രൂപയും രണ്ട് ഫോണുകളും മോഷ്ടിച്ചു. കിഴക്കേകോട്ട പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തുള്ള മൊബൈല്‍സ് ആന്‍ഡ് വാച്ചസ് എന്ന വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.
കടയില്‍ സി.സി.ടി.വി കാമറകള്‍ ഉണ്ടായിരുന്നെങ്കിലും ഇവ തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്. കടയില്‍ വിലകൂടിയ നിരവധി ഫോണുകളും വാച്ചുകളും ഉണ്ടായിരുന്നെങ്കിലും 9,000 രൂപ വിലയുള്ള രണ്ട് ഫോണുകള്‍ മാത്രമാണ് മോഷ്ടിച്ചത്. ഇവയുടെ പാക്കറ്റുകള്‍ കടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
തുടര്‍ന്ന് സമീപത്തെ ബാര്‍ബര്‍ ഷോപ്പിലും വാച്ച് കടയിലും കള്ളന് കയറിയെങ്കിലും ഇവിടെനിന്ന് യാതൊന്നും അപഹരിച്ചിട്ടില്ല. പണം ലക്ഷ്യമാക്കിയാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.