വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. മഴയും ഉരുൾപൊട്ടലും മൂലമുണ്ടായ വ്യാപകമായ നഷ്ടങ്ങളെയും നാശനഷ്ടങ്ങളെയും കുറിച്ച് മാർപാപ്പ തൻ്റെ പ്രാർത്ഥനയിൽ പരാമർശിച്ചു. ദുഃഖിതരോടും ആവശ്യമുള്ളവരോടും തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ.
മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യൻ്റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഉടൻ വെടിനിർത്തൽ നടത്താനും ചർച്ചകൾ നടത്തണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിൻ്റെ എല്ലാ ഇരകൾക്കും വേണ്ടി, പ്രത്യേകിച്ച് നിരപരാധികളായ കുട്ടികൾക്കായി താൻ പ്രാർത്ഥിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഫലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രാർത്ഥിച്ചു.