പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഐഎംഎ. അമ്മയുടെയും കുഞ്ഞിന്റെയും മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകമാണ്. കാര്യക്ഷമമായ ചികിത്സ നല്കിയാലും ചിലപ്പോള്‍ രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരാറുണ്ടെന്നും ഈ സാഹചര്യം സമൂഹം മനസ്സിലാക്കണമെന്നും ഐഎംഎ അറിയിച്ചു. ചികിത്സാപിഴവ് ആരോപണത്തില്‍ പാലക്കാട് തങ്കം ആശുപത്രി ഇന്ന് വിശദീകരണം നല്‍കും. 11 മണിക്ക് പാലക്കാട് പ്രസ് ക്ലബ്ബില്‍ വിശദീകരണം നടത്തുമെന്ന് ആശുപത്രി അതികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചയാണ് പ്രസവത്തിനിടെ തത്തമംഗലം സ്വദേശി ഐശ്വര്യ മരണപെട്ടത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്നു ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐഎംഎയുടെ പ്രതികരണം.അതേസമയം ഐശ്വര്യയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി അറിയിച്ചു.
കൂടാതെ യുവതിയുടെയും കുഞ്ഞിന്റെയും മരണത്തെ സംബന്ധിച്ചുളള ആശുപത്രി അധികൃതരുടെ മറുപടിയില്‍ വൈരുദ്ധ്യമുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. പ്രസവത്തിന് ശേഷം കുട്ടിക്ക് കരച്ചില് കുറവായിരുന്നതിനാല്‍ നിരീക്ഷണത്തിലാണെന്നാണ് ഗൈനക്കോളജിസ്റ്റ് അറിയിച്ചതെന്നും എന്നാല്‍ മുക്കാല്‍ മണിക്കൂറിന് ശേഷം എത്തിയ പീഡിയാട്രീഷ്യന്‍ കുട്ടി ഒരു തവണ പോലും കരഞ്ഞിട്ടില്ലയെന്നാണ് അറിയിച്ചത്.
ഐശ്വര്യയുടേത് അപൂര്‍വ്വമായ ബ്ലഡ് ഗ്രൂപ്പായിട്ടും ഡെലിവറിക്ക് മുന്‍പോ അത് കഴിഞ്ഞിട്ടോ ബ്ലഡ് വേണമെന്ന് ആശുപത്രിയില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഐശ്വര്യയുടെ ബന്ധുവായ ശ്രീജിത്ത് പറഞ്ഞു.