കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കസ്റ്റംസ്. ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. അര്ജുന് ആയങ്കി അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി.
കരിപ്പൂര്‍ കേസില്‍ അര്ജുന് ആയങ്കിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. സ്വര്‍ണക്കടത്തു കേസില്‍ അര്ജുന് കുറ്റം സമ്മതിച്ചിട്ടില്ല. നിയമോപദേശം ലഭിച്ചതിനാലാണിത് എന്നാണ് കസ്റ്റംസ് പറയുന്നത്. കേസില്‍ അര്‍ജുനില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കാനുണ്ട്.
അതേസമയം, അര്ജുന് ആയങ്കിയുടെ ഭാര്യയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അര്‍ജുന്റെ ഭാര്യയോട് രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ ഭാര്യയ്ക്ക് നോട്ടിസ് നല്‍കുകയായിരുന്നു.