തിരുവനന്തപുരം: അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാണിജ്യാടിസ്ഥാനത്തിലും കേരളത്തിലെല്ലായിടത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.. കെ-ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. നമ്മുടെ നാട്ടില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വൈദ്യുതി-ഐടി വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്ത് 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ലഭ്യതയുള്ളത്. ഗ്രാമങ്ങളില്‍ അത് 25 ശതമാനം മാത്രമാണ്. ആദിവാസി സമൂഹങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യതയില്ല. അത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് നിലനില്ക്കുന്നു, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ടൂറിസം, വിദ്യാഭ്യാസം, വര്‍ക്ക് അറ്റ് ഹോം, റിമോട്ട് വര്‍ക്ക് പോലുള്ള ആവശ്യങ്ങള്‍ക്ക് കെ-ഫോണ്‍ പ്രയോജനം ചെയ്യും. മലയോര മേഖലകളിലും കെ-ഫോണ്‍ ലഭ്യമാകും. ഇതുവഴി എല്ലാവരും റിയല്‍ കേരളാ സ്റ്റോറിയുടെ ഭാഗമാകുന്നെന്ന് ഉറപ്പുവരുത്തുകയാണ്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടുകുതിക്കാന്‍ സാര്‍വത്രികമായി ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. വിജ്ഞാന സംമ്പദ്ഘടനയായും നൂതനസമൂഹമായും കേരളത്തെ പരിവര്‍ത്തനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യമാണ് കെ-ഫോണിലൂടെ ഒരുക്കുന്നത്.
ഇതിലൂടെ കേരളത്തെയാകെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ്. ആഗോള മാനങ്ങളുള്ള നവകേരള നിര്‍മിതിക്ക് ഇതുവഴി അടിത്തറയൊരുങ്ങുകയാണ്. ടെലികോം രംഗത്തെ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ജനകീയ ബദലാണ് കെ-ഫോണ്‍ എന്നും അദ്ദേഹം പറഞ്ഞു. മറ്റ് സേവനദാതാക്കളേക്കാള്‍ കുറഞ്ഞ നിരക്കിലാവും കെ-ഫോണ്‍ സൗകര്യങ്ങള്‍. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണ നിലവാരത്തിലും കെ-ഫോണിന്റെ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.