പടിഞ്ഞാറത്തറ: മൂന്നാഴ്ചയോളം പൊട്ടക്കിണറ്റില്‍ വീണു കിടന്ന പട്ടിക്കുട്ടിക്ക് അന്‍സിലയുടെ കരുതലില്‍ പുതുജീവന്‍. മൂന്നാഴ്ച മുമ്പാണ് വീടിനു സമീപമുള്ള ഉപയോഗശൂന്യമായ കിണറിന്റെ വലയില്‍ പട്ടിക്കുട്ടിയെ കണ്ടത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വലപൊട്ടി പട്ടിക്കുട്ടി കിണറ്റില്‍ വീണു.
നാട്ടുകാരുടെയടക്കം ശ്രമത്തോടെ പട്ടിക്കുട്ടിയെ കിണറ്റില്‍നിന്ന് എടുക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പുറത്തെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ഭക്ഷണമൊക്കെ നല്കി അന്‍സില പട്ടിക്കുട്ടിയുടെ ജീവന് നിലനിര്‍ത്തി. കൊട്ടയില്‍ കയറുകെട്ടിയാണ് കിണറ്റിനകത്തേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചത്.
ആനിമല്‍ റെസ്ക്യു മേഖലയില്‍ സജീവമായ താഹിര്‍ പിണങ്ങോടും സുഹൃത്തുക്കളായ വി.വി. സംജിത്, അലി കൊടകന് എന്നിവര്‍ ചേര്‍ന്ന് സാഹസികമായി പട്ടിക്കുട്ടിയെ പുറത്തെത്തിച്ചു. ഭക്ഷണവും വെള്ളവും കൃത്യമായി കിട്ടിയതിനാല്‍ പട്ടിക്കുട്ടിക്ക് മറ്റു അവശതകളൊന്നുമില്ല. പട്ടിക്കുട്ടിയെ വീട്ടില്വളര്ത്താനാണ് അന്‍സിലയുടെയും തീരുമാനം. ഐക്കാരന് ആലിയുടെയും ആമിനയുടെയും മകളാണ് കോട്ടത്തറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിനിയായ അന്‍സില.