ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ വ്യപക പ്രതിഷേധം ഉയര്‍ന്നിരിക്കെ വീണ്ടും വിചിത്ര ഉത്തരവുമായി അഡ്മിന്സ്ട്രേറ്റര് രംഗത്ത്. ഓലയും തേങ്ങയും പറമ്പിലിടരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് ലംഘിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും പിഴയും ശിക്ഷയും ഉണ്ടാകുമെന്നുമാണ് ഭരണ കൂടത്തിന്റെ മുന്നറിയിപ്പ്.
ദ്വീപ് മലിനമാകുന്നത് ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവെന്നാണ് വാദം. ഖരമാലിന്യങ്ങള്‍ കത്തിക്കരുത്. അവ വാഹനങ്ങള്‍ ഇല്ലാതെ മാറ്റുവാനോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ ദ്വീപുകാര്‍ക്കെതിരെ കേസെടുക്കാനാണ് ഇത്തരത്തില്‍ വിചിത്ര വാദങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന പ്രതിഷേധം ശക്തമാവുകയാണ്.
ഇതിനിടെ ലക്ഷദ്വീപില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടാകണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന മറ്റൊരു ഉത്തരവും അഡ്മിനിസ്ട്രേറ്റര്‍ നടത്തിയിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു പുതിയ ഉത്തരവ് ഇറക്കിയത്.
മത്സ്യബന്ധന കപ്പലുകള്‍ നങ്കൂരമിടുന്ന സ്ഥലങ്ങളില്‍ ഹെലിപാഡിലും സിസിടിവി വഴിയുമുള്ള നിരീക്ഷണങ്ങള്‍ ശക്തമാക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. മത്സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കണം. ബോട്ടുകള്‍ തീരത്തെത്തുന്നതിന് മുന്‍പ് തന്നെ ഈ ഉദ്യോഗസ്ഥര്‍ അഡ്മിനിസ്ട്രേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാക്കണമെന്നും വിവാദമായ പുതിയ ഉത്തരവിലുണ്ട്.