നിയമസഭ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ. 59,292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ 481 പൊലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന് സബ് ഡിവിഷനുകളായി തിരിച്ചാണ് ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഈ സംവിധാനം ഞായറാഴ്ച്ച മുതല്‍ നിലവില്‍ വന്നു. 24,788 സ്പെഷല്‍ പൊലീസുകാരടക്കം 59,292 പേരാണ് സുരക്ഷയൊരുക്കുക. ഇവരില്‍ 4405 സബ് ഇന്‍സ്പെക്ടര്‍മാരും 784 ഇന്‍സ്പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉള്‍പ്പെടും.
സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കിലുള്ള 34,504 പേരും ഡ്യൂട്ടിക്കുണ്ടാകും. സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളില്‍ നിന്നുള്ള 140 കമ്പനി സേന കേരളത്തിലുണ്ട്.
അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്ര സേനാംഗങ്ങള്‍ക്ക് ഓട്ടോമാറ്റിക് തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്രയും കേന്ദ്രസേനാ വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പിന് വിന്യസിക്കപ്പെടുന്നത് ആദ്യമായാണ്.
പോളിങ് ബൂത്തുകളുള്ള 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ് പട്രോള്‍ ടീമുകള്‍ ഉണ്ടാകും. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ സ്പെഷല്‍ ഓപറേഷന് ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടും 24 മണിക്കൂറും ജാഗ്രത പുലര്‍ത്തും. അതിര്‍ത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയാന്‍ 152 സ്ഥലങ്ങളില്‍ ബോര്‍ഡര്‍ സീലിങ് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിച്ചു.
പോളിങ് ദിവസം ഉള്‍പ്രദേശങ്ങളില്‍ ജനം കൂട്ടംകൂടുന്നതും വോട്ടര്‍മാരെ തടയുന്നതും കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. ഡ്രോണ്‍ മുഖേന ശേഖരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പട്രോളിങ് പാര്‍ട്ടിക്ക് കൈമാറുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്യുമെന്ന് ഡിജിപി അറിയിച്ചു.
പോളിങ് ഏജന്റുമാര്‍ക്ക് സംരക്ഷണം നല്‍കും. പോളിങ് ഏജന്റുമാര്‍ക്ക് സുരക്ഷാഭീഷണിയുള്ള പക്ഷം അതത് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരെ വിവരം അറിയിച്ചാല്‍ സംരക്ഷണം നല്‍കുമെന്ന് ഡിജിപി അറിയിച്ചു. ഏജന്റുമാര്‍ക്ക് വീട്ടില്‍ നിന്ന് പോളിങ് സ്റ്റേഷനിലേക്കും തിരിച്ചും യാത്രചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കും. പൊലീസ് വിന്യാസവും സുരക്ഷാനടപടികളും നിരീക്ഷിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷന് കണ്‍േട്രാള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.