കെഎസ്ആര്‍ടിസിയുടെ കഷ്ടകാലം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ശമ്പള പ്രശ്നം അതിരൂക്ഷമായ ഘട്ടത്തിലൂടെയാണ് പോയ മാസങ്ങളില്‍ കെഎസ്ആര്‍ടിസി കടന്നു പോയത്. ഇതിനിടയില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്സെഷന് ചോദിച്ചെത്തിയ പിതാവിനെയും മകളെയും മര്‍ദിച്ചതും ബസില്‍ കയറിയിരുന്ന യാത്രക്കാരെ അസഭ്യം പറഞ്ഞ് വനിതാ കണ്ടക്ടര്‍ ഇറക്കിവിട്ടതും ചീത്തപ്പേരിന് ആക്കം കൂട്ടി.
ഇതിനെല്ലാം ഇടയില്‍ സേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ് ടാഗോടുകൂടി നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ എങ്ങനെ നന്നാക്കാം, ലാഭത്തിലാക്കാം എന്ന കുറിപ്പ് പങ്കുവെച്ച് സ്വകാര്യ ബസ് ജീവനക്കാരന്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ആനവണ്ടി ട്രോവല്‍ ബ്ലോഗ് അടക്കമുള്ള പേജുകളും ഇദ്ദേഹത്തിന്റെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന്‍ 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം എന്നും സ്വകാര്യ ബസില്‍ മുന്‍ ജീവനക്കാരനായ ഷിന്റോ പായിക്കാട്ട് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുകയാണെന്നും ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഡിയര്‍ കെഎസ്ആര്‍ടിസി എംഡി, 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം വണ്ടി പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട പറ്റുവോ 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന്‍ 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത് ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം. #saveksrtc