യോഗിയുടെ ദുര്‍ഭരണം യു.പി.സംസ്ഥാനത്തെ നരനായാട്ടിന്റെ വിളനിലമായി മാറ്റിയിരിക്കുകയാണെന്ന് വി.എം.സുധീരന്. യു.പി.യിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരക്കാര്‍ക്കിടയിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് ഒന്‍പതോളം പേര് കൊല്ലപ്പെട്ടു. ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുള്‍പ്പെടെ പതിനാല് പേര് പൊലീസ് പിടിയിലായി. മനുഷത്വ രഹിതവും അതിക്രൂരവുമായ സംഭവങ്ങളാണ് യുപിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് വി.എം. സുധീരന് പ്രതികരിച്ചു.
സംഭവങ്ങളില്‍ പ്രതിഷേധിക്കാനായി സ്ഥലത്ത് എത്തിച്ചേര്‍ന്ന പ്രിയങ്കാ ഗാന്ധിയെ നിയമ വിരുദ്ധമായി അറസ്റ്റു ചെയ്തു. മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കും സംഭവ സ്ഥലത്തേയ്്ക്ക് പ്രവേശനാനുമതി അന്യായമായി നിഷേധിച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ മരണത്തിലേയ്ക്കെത്തിക്കുകയും അതിനെതിരെ ശക്തമായി പ്രതികരിച്ച പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്യുകയും പ്രതിപക്ഷ നേതാക്കളെ അന്യായമായി തടയുകയും ചെയ്ത യു.പി. സര്‍ക്കാരിന്റെ തികച്ചും ജനാധിപത്യ വിരുദ്ധവും നീതി രഹിതവുമായ നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സുധീരന് പറഞ്ഞു.
ജനാധിപത്യ ഭാരതത്തിന് അപമാനകരമായ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും വന്‍ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കയാണ്.
കര്‍ഷക വിരുദ്ധ നിലപാടുകളും ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന ബി.ജെ.പി. നയിക്കുന്ന കേന്ദ്ര- സംസ്ഥാന ഭരണ കൂടങ്ങള്‍ക്ക് ഈ വന്‍ ജനപ്രതിഷേധത്തിനു മുന്നില്‍ മുട്ടുകുത്തേണ്ടിവരുമെന്നും സുധീരന് പറഞ്ഞു.