തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് 70 ലക്ഷത്തോളംരൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. 30,000 രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ കുമാരപുരം ബര്‍മ റോഡ് ശ്രുതി നിലയത്തില്‍ ഉദയകുമാറിന്റെപേരില് അനധികൃത സ്വത്തുസമ്പാദനത്തിന് കേസ് രജിസ്റ്റര്‍ചെയ്യണമെന്നും വിശദാന്വേഷണം ആവശ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് സ്പെഷ്യല്‍ സെല്‍ എസ്.പി. വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.
ഉദയകുമാര്‍, ഭാര്യ, ഭാര്യയുടെ ബന്ധു എന്നിവരുടെപേരില്‍ ആനാവൂര്‍ ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 52.5 ലക്ഷംരൂപയുടെ നിക്ഷേപമുള്ളതായി വിജിലന്‍സ് കണ്ടെത്തി. അനന്തപുരം കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 17 ലക്ഷംരൂപയുടെ നിക്ഷേപമുള്ളതായും കണ്ടെത്തി. ഈ തുകയെല്ലാം 2022-2023 കാലത്തുള്ളതാണെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.
കെ.എസ്.ആര്.ടി.സി. ബസില്‍ പരസ്യം പതിക്കാന്‍ കരാറെടുത്തിരുന്ന വ്യക്തിയില്‍നിന്ന് ഉദയകുമാര്‍ ഒരുലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നാണ് പരാതി. 30,000 രൂപ പരാതിക്കാരന് ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നു. ബാക്കി നല്‍കിയില്ലെങ്കില്‍ ബില്ല് മാറിത്തരില്ലെന്ന് ഉദയകുമാര്‍ ഭീഷണി മുഴക്കിയതോടെ 40,000 രൂപ നല്കി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരന് വിജിലന്‍സിന് പരാതി നല്കി.
വിജിലന്‍സ് നിര്‍ദേശപ്രകാരം 30,000 രൂപ നഗരത്തിലെ ഒരു പ്രധാന ക്ലബ്ബില്‍വെച്ച് കൈമാറുന്നതിനിടെയാണ് ഉദയകുമാര്‍ ഡിവൈ.എസ്.പി. സി.എസ്. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.