കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. തിങ്കളാഴ്ച മുതല്‍ സിഐടിയു സത്യഗ്രഹവും ഐഎന്‍ടിയുസി രാപ്പകല്‍ സമരവും നടത്തും. കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.
എല്ലാ മാസവും 5ാം തീയതിക്ക് മുന്‍പായി ശമ്പളം കിട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പലതവണ ചര്‍ച്ചകളും നടന്നിരുന്നു. കഴിഞ്ഞദിവസം സിഎംഡി യൂണിയനുകളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 15ാം തീയതിക്ക് ശേഷം മാത്രമേ ശമ്പളം നല്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണ് മാനേജ്മെന്റ് നിലപാടറിയിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചാണ് തൊഴിലാളി സംഘടനകള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം കിട്ടിയില്ലെങ്കില്‍ ആറ് മുതല്‍ സമരമുണ്ടാകുമെന്നാണ് പ്രഖ്യാപനം.
മെയ് മാസം 193 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം ലഭിച്ചിരുന്നു കെഎസ്ആര്‍ടിസിക്ക്. വീണ്ടും 50 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചു. എന്നിട്ടും മറ്റ് ബാധ്യതകള്‍ തീര്‍ത്തിട്ടേ ശമ്പളം കൊടുക്കൂ എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് സംഘടനകള്‍ പറയുന്നു.
തൊഴിലാളികള്‍ക്കുള്ള ശമ്പളം മാനേജ്മെന്റ് നല്‍കുമെന്നാണ് ഗതാഗതമന്ത്രി പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ പണം തന്നാലേ ശമ്പളം നല്‍കാനാകൂ എന്നാണ് മാനേജ്മെന്റിന്റെ മറുപടി. സിഎംഡി വിളിച്ച യോഗത്തില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്.