പ്രതിസന്ധികാലത്തും കേരളം കുതിക്കുമെന്ന് ഉറപ്പു നല്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്. മാറുന്ന തൊഴില്‍ മേഖലയുള്‍പ്പെടെ മനസ്സിലാക്കിക്കൊണ്ടുള്ള ബജറ്റാണെന്നും കേരളത്തെ കടക്കെണിയിലാക്കുന്നു എന്ന കഴിഞ്ഞ ബജറ്റിലെ പ്രതിപക്ഷ ആരോപണം ഇത്തവണ വന്നില്ലെന്നത് സ്വാഗതാര്‍ഹമാണെന്നും തോമസ് ഐസക് പറഞ്ഞു.
‘കേരളത്തിലെ തൊഴില്‍ മേഖലയുള്പ്പെടയെുള്ള പരിവര്‍ത്തനത്തിന്റെ വളരെ വിശദമായി കാര്യങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ വന്നു. ഒപ്പം നിലവിലെ മേഖലകള്‍ വികസിപ്പിക്കുന്നതിനുമുള്ള സമീപനം ബജറ്റ് മുന്നോട്ട് വെക്കുന്നു. കൊവിഡിനെ പ്രതിരോധിക്കുമെന്ന ആത്മവിശ്വാസം നല്‍കുക മാത്രമല്ല. നമ്മുടെ പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോവുമെന്ന ഉറപ്പു കൂടി നല്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്,’ തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് പ്രതികരണം.
കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചപ്പോഴുണ്ടായ പ്രധാന വിമര്‍ശനം കേരളത്തെ കടക്കെണിയിലേക്ക് കൊണ്ടു പോവുന്നു, പ്രതിശീര്‍ഷ കടത്തിന്റെ അഞ്ച് വര്‍ഷം കൊണ്ട് കൂടി തുടങ്ങിയവയായിരുന്നു. എന്നാല്‍ ഇന്ന് പ്രതിപക്ഷത്തില്‍ നിന്ന് അത്തരത്തിലുള്ള വിമര്‍ശനമൊന്നും കേട്ടിട്ടില്ല. വിമര്‍ശിക്കാന്‍ പ്രയാസമാണ്. ഇന്നത്തെ ഈ സമയത്ത് കടം, കമ്മി ഇതൊന്നുമല്ല പ്രശ്നം.
കൊവിഡ് പ്രതിരോധത്തിനും ജനങ്ങളെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനുമാണ്. കിഫ്ബിയെക്കുറിച്ചുള്ള അന്നത്തെ വിമര്‍ശനം ഒന്നും ഇന്ന് കേട്ടില്ല. നല്ല കാര്യമാണ്. കളിയാക്കാന്‍ വേണ്ടി പറയുന്നതല്ല. പക്ഷെ പ്രതിപക്ഷ നേതാവ് ഇന്ന് ശ്രമിച്ചത് കണക്കുകളില്‍ തിരിമറി നടന്നിട്ടുണ്ട് എന്ന പുകമറ സൃഷ്ടിക്കാനാണെന്നും തോമസ് ഐസക് പറഞ്ഞു.