കൊവിഡ് മൂന്നാം തംരംഗത്തെ നേരിടാന്‍ ആറിന പരിപാടികള്‍ക്ക് സംസ്ഥാനത്ത് രൂപം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ സിഎച്ച്എസ്സി, താലൂക്ക്, ജില്ലാ ആശുപത്രികളിലും പത്ത് ബെഡുകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും. ഇതിന് ഓരോന്നിനും ഏകദേശം മൂന്ന് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 636.5 കോടിയാണ് ആകെ ആവശ്യമായി വരിക. ഇതിനായി എംഎല്‍എമാരുടെ വികസന ഫണ്ടില്‍ നിന്ന് പണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പുനരുപയോഗിക്കപ്പെടുന്ന മറ്റ് ഉപകരണങ്ങളും സജ്ജമാക്കേണ്ടതുണ്ട്. എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂമുകള്‍ സിഎസ്എസ്ഡി ആക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു. ഈ വര്‍ഷം 25 സിഎസ്എസ്ഡികള്‍ നിര്‍മിക്കുന്നതിന് 18.75 കോടി രൂപ വകയിരുന്നു.
പകര്‍ച്ച വ്യാധി തടയാനായി ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 50 കോടി അനുവദിച്ചു. തിരുവന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പീഡിയാട്രിക് ആശുപത്രികളിലെ കിടക്ക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇതിന്റെ പ്രാരംഭഘട്ടമായി 25 കോടി വകയിരുത്തുന്നു. കേരളത്തിന് 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും. പ്രാരംഭ ചെലവുകള്‍ക്കായി 25 ലക്ഷം രൂപ നല്‍കും. സെപ്തംബറോടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ്. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.