പുതുക്കിയ ഉത്തര സൂചിക പ്രകാരമുളള കെമിസ്ട്രി മൂല്യനിര്‍ണ്ണയം ഇന്ന് മുതല്‍. മൂന്ന് കോളേജ് അധ്യാപകരും ഹയര്‍സെക്കന്ററി അധ്യാപകരും ഉള്‍പ്പെട്ട 15 അംഗ വിദഗ്ധ സമിതി തയ്യാറാക്കിയ ഉത്തര സൂചിക പ്രകാരമാണ് മൂല്യനിര്‍ണയം പുനരാരംഭിക്കുന്നത്. എല്ലാ അധ്യാപകരും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂല്യനിര്‍ണയം നടന്ന 28000 ഉത്തരക്കടലാസുകള്‍ പുതിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ വീണ്ടും പരിശോധിക്കും. ആദ്യം മൂല്യനിര്‍ണയത്തിന് ഉപയോഗിച്ച ചോദ്യ കര്‍ത്താവിന്റെ ഉത്തര സൂചികയും സ്കീം ഫൈനലൈസേഷന്റെ ഭാഗമായി അധ്യാപകര്‍ തയ്യാറാക്കിയ ഉത്തര സൂചികയും വിദഗ്ധ സമിതി വിലയിരുത്തിയതിന് ശേഷമാണ് പുതിയ ഉത്തര സൂചിക തയ്യാറാക്കിയത്.
അധ്യാപകരും വിദഗ്ദരും ചേര്‍ന്നാണ് ഫൈനലൈസേഷന്‍ സ്കീം തയ്യാറാക്കുക. എന്നാല്‍ ചോദ്യകര്‍ത്താവ് ഉത്തര സൂചിക തയ്യാറാക്കി നല്‍കിയതാണ് വിവാദമാകാന്‍ കാരണമായത്. ഉത്തര സൂചികയില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മൂന്ന് ദിവസത്തോളം അധ്യാപകര്‍ കെമിസ്ട്രി മൂല്യനിര്‍ണ്ണയം ബഹിഷ്കരിച്ചിരുന്നു.
ഉത്തര സൂചിക മാറ്റണമെന്ന ആവശ്യം ആദ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ അധ്യാപകരുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് ഉത്തര സൂചിക പുനഃപരിശോധിക്കാന്‍ വിദ്യഭ്യാസ വകുപ്പ് തയ്യാറായത്. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ലെന്ന് വിഷയത്തില്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.