കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല, പ്രോ വൈസ് ചാന്‍സലര്‍ കൂടിയാണ്. മന്ത്രി പദവി ദുരുപയോഗം ചെയ്തോ എന്നാണ് പരിശോധിച്ചതെന്നും ലോകായുക്ത സിറിയക് ജോസഫ് വിധിപ്രസ്താവത്തില്‍ പറഞ്ഞു.
കണ്ണൂര്‍ വിസിയായുള്ള പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് മന്ത്രി ബിന്ദു കത്തെഴുതിയത് അധികാര ദുര്‍വിനിയോഗമെന്ന് ആരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പരാതി നല്‍കിയിരുന്നത്. വി.സിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദേശം ക്രമവിരുദ്ധമാണ് എന്നതാണ് ചെന്നിത്തലയുടെ വാദം. എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.
കഴിഞ്ഞ ദിവസം നടന്ന വിശദമായ വാദത്തില്‍ മന്ത്രിക്ക് അനുകൂലമായാണ് ലോകായുക്ത നിലപാടെടുത്തിരുന്നത്. മന്ത്രിയുടെ കത്ത് ശുപാര്‍ശയല്ലെന്നും നിര്‍ദേശമാണെന്നും നിരീക്ഷിച്ച ലോകായുക്ത ഗവര്‍ണര്‍ക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരുന്നെന്നും പറഞ്ഞു.
മാത്രവുമല്ല, ലോകായുക്തയുടെ പരിധിയില്‍ ചാന്‍സലറോ പ്രോ ചാന്‍സലറോ വരില്ല, കത്ത് ഇടപാട് ഇരുകൂട്ടരും സമ്മതിക്കുന്നതിനാല്‍ അന്വേഷണത്തിന്റെ പ്രസക്തിയെന്തെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു.