തേങ്ങ പൊട്ടിച്ച് റോഡ് ഉദ്ഘാടനം ചെയ്തപ്പോള്‍ പൊട്ടിയത് റോഡ്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സാദര്‍ നിയോജക മണ്ഡലം എംഎല്‍എ സുചി മാസും ചൗധരിയ്ക്കാണ് അബദ്ധം പറ്റിയത്. സംഭവത്തില്‍ കുപിതനായ ബിജെപി എംഎല്‍എ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.
ബിജ്നോരിലെ 7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 1.16 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡാണ് തേങ്ങ പൊട്ടിച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ തകര്‍ന്നത്. ഇതിനു പിന്നാലെ റോഡ് പണി പരിശോധിക്കണമെന്ന് ഉത്തരവിട്ടു. പരിശോധനയ്ക്കുള്ള സാമ്പിള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ എംഎല്‍എ സ്ഥലത്ത് തുടര്‍ന്നു. 3 മണിക്കൂറോളമാണ് എംഎല്‍എ അവിടെ കാത്തു നിന്നത്.
”1.16 കോടി രൂപ മുടക്കിയാണ് റോഡ് നിര്‍മിക്കുന്നത്. 7.5 കിലോമീറ്റര്‍ ദൂരമുണ്ട്. എന്നോട് റോഡ് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അവിടെയെത്തി തേങ്ങയുടക്കാന്‍ ശ്രമിച്ചപ്പോള്‍ തേങ്ങ ഉടഞ്ഞില്ല. പക്ഷേ, റോഡിന്റെ ചില ഭാഗങ്ങള്‍ ഇളകി വന്നു. ഞാന്‍ പരിശോധിച്ചപ്പോള്‍ പണി മോശമാണെന്ന് കണ്ടു. നിലവാരമുള്ള റോഡ് പണി ആയിരുന്നില്ല. ഞാന്‍ ഉദ്ഘാടനം നിര്‍ത്തി ജില്ലാ മജിസ്ട്രേറ്റുമായി സംസാരിച്ചു. അദ്ദേഹം മൂന്നംഗ സമിതി രൂപീകരിച്ചു. സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.”- എംഎല്‍എ പറഞ്ഞു.