അമേരിക്കയില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തില്‍ വൈറ്റ് ഹൗസ് ആര് നേടുമെന്നതാണ് പ്രധാന ചോദ്യം. പാര്‍ലമെന്റിന്റെ ഇരുസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. നൂറ്റാണ്ടിന്റെ പാരമ്പര്യം തെറ്റിക്കാതെ നവംബറിലെ ആദ്യ ചൊവ്വാഴ്ച അമേരിക്കന്‍ ജനത പോളിങ് ബൂത്തിലേക്ക് എത്തുന്നത്. മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ നല്ല ശതമാനം ജനങ്ങള്‍ മുന്‍കൂട്ടി വോട്ട് ചെയ്യ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തികഴിഞ്ഞു.
വൈറ്റ് ഹൗസ് പിടിക്കാനുള്ള പോരാട്ടം തികച്ചും പ്രവചനാതീതം. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ജെ.ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോസഫ് ആര് ബൈഡന് എന്ന ജോ ബൈഡനും ഒഴികെയുള്ള സ്ഥാനാര്‍ഥികള്‍ അപ്രസക്തര്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചാഞ്ചാടിനില്‍ക്കുന്ന പെന്‍സില്‍വേനിയ, ഫ്ലോറിഡ, അരിസോണ, നോര്‍ത്ത് കാരളൈന,മിഷിഗണ്‍, വിസ്കോണ്‍സിന്‍ സംസ്ഥാനങ്ങള്‍ വിധി നിര്‍ണയിക്കും. വ്യക്തമായ ഭൂരിപക്ഷമാണെങ്കില്‍ ബുധനാഴ്ചയോടെ ഫലമറിയാം. നേരിയ മുന്‍തൂക്കമാണ് ഏതെങ്കിലും സ്ഥാനാര്‍ഥി നേടുന്നതെങ്കില്‍ ഫലപ്രഖ്യാപനം ഒരാഴ്ചയെങ്കിലും നീണ്ടേക്കും.ഇത് പിന്നീട് നിയമപോരാട്ടത്തിനും വഴിവച്ചേക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ജനപ്രതിനിധി സഭ പ്രസിഡന്റിനെയും സെനറ്റ് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കും.