മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു. പയ്യാമ്പലം കടല്‍ത്തീരത്ത് കോടിയേരി എരിഞ്ഞടങ്ങി. മക്കളായ ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
മുന്‍ ആഭ്യന്തര മന്ത്രിയ്ക്ക് പൊലീസ് സേന ഗണ്‍ സല്യൂട്ട് നല്കി. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.
മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റി. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ് ഇരുവരും മുന്നില്‍ നിന്ന് മൃതദേഹം തോളിലേറ്റിയത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയില്‍ മുഖ്യമന്ത്രി അടക്കം കാല്‍നടയായി അനുഗമിച്ചിരുന്നു.
കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മൂന്നേകാല്‍ വരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.